ഇറാനുമായുള്ള തർക്കം തുടരുന്നതിനിടെ ഇസ്രയേൽ അടക്കമുള്ള മിഡിൽ ഈസ്റ്റ് സഖ്യകക്ഷികൾക്കായി 72,000 കോടി രൂപയുടെ ആയുധക്കരാർ യുഎസ് പ്രഖ്യാപിച്ചു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും മേഖലയിലെ സൈനികശക്തി വർദ്ധിപ്പിക്കാനാണ് ഈ നീക്കം.
ഇസ്രയേലിന് പുറമെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.ഈ ആയുധ ഇടപാടിൽ രാജ്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഖത്തർ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾ പണം നൽകി നേരിട്ട് ആയുധങ്ങൾ വാങ്ങുമ്പോൾ, ഇസ്രയേലിന് ഇത് അമേരിക്കയുടെ സൈനിക സഹായമാണ്.
അമേരിക്കൻ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം കമ്പനികളിൽ നിന്ന് ആയുധങ്ങൾ വാങ്ങി ഇസ്രയേലിന് നൽകുകയാണ് യുഎസ് ചെയ്യുന്നത്.ഇസ്രയേലിന് ആയുധം നൽകുന്നതിനെതിരെ യുഎസിനുള്ളിൽ പ്രതിഷേധം ശക്തമാണ്.
സെനറ്റിലെ ഭൂരിഭാഗം ഡെമോക്രാറ്റുകളും ഇതിനെ എതിർത്തുവെങ്കിലും, ‘ദേശീയ സുരക്ഷ’ മുൻനിർത്തിയുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കോൺഗ്രസിനെ മറികടന്നാണ് ട്രംപ് ഭരണകൂടം ഈ നീക്കം നടത്തുന്നത്.
