തമിഴ് സിനിമയിലെ സൂപ്പർതാരം അജിത് കുമാർ തന്റെ അഭിനയജീവിതത്തോടൊപ്പം തന്നെ റേസിങ് പാഷനും വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്നു. 2011-ൽ പുറത്തിറങ്ങി ചരിത്രവിജയം നേടിയ ‘മങ്കാത്ത’ പോലുള്ള ചിത്രങ്ങളിലൂടെ ‘തല’യായി മാറിയ അദ്ദേഹം, ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2025-ൽ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.
55-ാം വയസ്സിലും തന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന അജിത്, സിനിമാലോകത്തിന് ഇന്നും വലിയൊരു ആവേശമാണ്.സിനിമയോടൊപ്പം തന്നെ റേസിങ്ങിലും സജീവമായ അജിത് കുമാർ, അടുത്തിടെ എഫ്3 (F3) റേസിൽ വിജയം നേടിയിരുന്നു.
2002-ൽ ഫോർമുല മാരുതിയിലൂടെ തുടങ്ങിയ തന്റെ റേസിങ് ജീവിതം പിന്നീട് ഫോർമുല ഏഷ്യ ബി.എം.ഡബ്ല്യു, ഫോർമുല ടു തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലേക്ക് അദ്ദേഹം വളർത്തി.
നിലവിൽ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് സ്വന്തം റേസിങ് ടീമിലും ചാമ്പ്യൻഷിപ്പുകളിലും പൂർണ്ണ ശ്രദ്ധ നൽകുകയാണ് താരം.പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം 25 കിലോ ഭാരം കുറച്ച് കരുത്തുറ്റ തിരിച്ചുവരവാണ് അജിത് നടത്തിയത്.
പോർഷെ 992 GT3 കപ്പ് റേസിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ച അദ്ദേഹം, ‘സ്പിരിറ്റ് ഓഫ് ദി റേസ്’ പുരസ്കാരവും സ്വന്തമാക്കി. നരേൻ കാർത്തികേയൻ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം ഏഷ്യൻ ലെ മാൻസ് സീരീസിലും പങ്കെടുത്ത താരം, പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ച് റേസിങ് ട്രാക്കിൽ സജീവമാകുകയാണ്.
