തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുൻനിർത്തി സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിവിധ വകുപ്പുകൾക്ക് കർശന നിർദേശം നൽകിയത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘ഓറഞ്ച് ബുക്ക്’ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, ഡാമുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണവും കനാൽ-ഓടകളിലെ തടസ്സങ്ങൾ നീക്കലും വേഗത്തിലാക്കണം. ദുരന്തസാധ്യതാ മേഖലകളിലെ ജനങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ പുതുക്കി സമയബന്ധിതമായി മുന്നറിയിപ്പുകൾ നൽകാനും, ദുരിതാശ്വാസ ക്യാമ്പുകളിൽ വെളിച്ചം, വെള്ളം, ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
