മോസ്കോ: യുക്രെയ്നെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്ന സൈനിക ഡ്രോണുകൾ നിർമ്മിക്കുന്നതിനായി റഷ്യ ഉത്തര കൊറിയൻ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി മൾട്ടിലാറ്ററൽ സാങ്ഷൻസ് മോണിറ്ററിങ് ടീമിന്റെ അന്താരാഷ്ട്ര റിപ്പോർട്ട്. റഷ്യയിലെ തതാർസ്താനിലുള്ള അലാബുഗ ഉൾപ്പെടെയുള്ള ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളിൽ ഇരുപത്തയ്യായിരത്തോളം ഉത്തര കൊറിയക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഉപരോധങ്ങൾ മറികടക്കാൻ സ്റ്റുഡന്റ് വിസയുടെ മറവിലാണ് ഇവർ റഷ്യയിലെത്തുന്നത്. ആയുധങ്ങളും സൈനികരും നൽകുന്നതിന് പുറമെ തൊഴിലാളികളെയും വ്യവസായ ഉൽപ്പാദനത്തെയും പങ്കുവെക്കുന്ന തലത്തിലേക്ക് റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സൈനിക അച്ചുതണ്ട് മാറിയിരിക്കുകയാണ്.

ഈ തൊഴിലാളികളിൽ നിന്ന് പിടിച്ചെടുക്കുന്ന വരുമാനം കിം ജോങ് ഉൻ ഭരണകൂടം തങ്ങളുടെ നിയമവിരുദ്ധ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം വിദേശത്ത് ജോലി ചെയ്യുന്ന തൊഴിലാളികളിലൂടെ ഉത്തര കൊറിയ ഏകദേശം 800 ദശലക്ഷം ഡോളർ സമ്പാദിച്ചതായി കണക്കാക്കുന്നു.

രു തൊഴിലാളി പ്രതിവർഷം ശരാശരി 7,500 ഡോളർ വേതനം നേടുന്നുണ്ടെങ്കിലും ഇതിന്റെ സിംഹഭാഗവും ഭരണകൂടം കണ്ടുകെട്ടുകയാണ്. തൊഴിലാളികൾ രാജ്യം വിട്ടുപോകുന്നത് തടയാൻ അവരുടെ നീക്കങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തടവ് ചാടാൻ ശ്രമിച്ചാൽ നാട്ടിലുള്ള കുടുംബാംഗങ്ങൾ പ്രതികാര നടപടികൾ നേരിടേണ്ടി വരുമെന്ന ഭീഷണിയുമുണ്ട്. നിലവിൽ റഷ്യയിൽ 30,000 വരെയെയും ചൈനയിൽ 70,000 വരെയെയും ഉത്തര കൊറിയൻ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *