ഡൽഹി: പരീക്ഷകളിലെയും റിക്രൂട്ട്‌മെന്റുകളിലെയും തുടർച്ചയായ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ചയ്ക്കകം രാജിവയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP). മന്ത്രി രാജി വെച്ചില്ലെങ്കിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദീപ്കെ അറിയിച്ചു.
ഡൽഹി ജന്തർമന്ദറിൽ നടന്ന വൻ പ്രതിഷേധം ഒരു ‘ട്രെയിലർ’ മാത്രമാണെന്നും, യുവാക്കളുടെ ശക്തി എന്തെന്ന് സർക്കാർ കണ്ടുകഴിഞ്ഞതായും അദ്ദേഹം എക്‌സിൽ കുറിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ കോക്രോച്ച് മുഖംമൂടികളും ടി-ഷർട്ടുകളും ധരിച്ചും പ്ലക്കാർഡുകളുമേന്തിയാണ് ജന്തർമന്ദറിലെ സമരത്തിൽ പങ്കെടുത്തത്. മന്ത്രി രാജിവയ്ക്കും വരെ ശക്തമായ പോരാട്ടം തുടരുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി.

