തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു. മന്ത്രിയുടെ സഹോദരി ഭർത്താവായ ബെന്നി തോമസിന്റെ നിയമനം പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും പാർട്ടി ഭേദമന്യേയുള്ള കടുത്ത വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
ഇതേത്തുടർന്ന് അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. എന്നാൽ, സഹോദരി ഭർത്താവ് എന്ന നിലയിലല്ല, മറിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റിന്റെ ശുപാർശയുടെയും അദ്ദേഹത്തിന്റെ പൊതുപ്രവർത്തന പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നായിരുന്നു സണ്ണി ജോസഫിന്റെ മുൻ പ്രതികരണം. വിവാദങ്ങൾ പാർട്ടിയെ ബാധിക്കാതിരിക്കാനാണ് ഈ രാജിയെന്നാണ് സൂചന.

