ടെഹ്റാൻ: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അങ്ങേയറ്റം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര നിർദ്ദേശവുമായി ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി പുറത്തിറക്കിയ പുതിയ ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സംഘർഷം രൂക്ഷം; ആശങ്കയിൽ പശ്ചിമേഷ്യ
ലബനനിലെ വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ നടത്തിയ സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേൽ ഇപ്പോൾ ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രമുഖ ഇറാനിയൻ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലും സൗത്ത് വെസ്റ്റേൺ മഹ്ഷഹർ പെട്രോകെമിക്കൽ പ്ലാന്റിലും ശക്തമായ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധഭീതി വീണ്ടും ഉയർന്നത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തരമായി തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയത്.എംബസി നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ:
ഉടൻ രാജ്യം വിടുക: ഇറാനിലുള്ള വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും കമേഴ്സ്യൽ ഫ്ലൈറ്റുകളോ ലഭ്യമായ മറ്റ് സുരക്ഷിത മാർഗ്ഗങ്ങളോ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണം.
യാത്രകൾ ഒഴിവാക്കുക: ഇന്ത്യയിൽ നിന്നുള്ളവർ നിലവിലെ സാഹചര്യം ശാന്തമാകുന്നത് വരെ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കണം.
രേഖകൾ സൂക്ഷിക്കുക: ഇറാനിൽ തുടരുന്നവർ പാസ്പോർട്ട്, മറ്റ് സുപ്രധാന യാത്രാ രേഖകൾ, ഐഡന്റിറ്റി കാർഡുകൾ എന്നിവ എപ്പോഴും കൈവശം കരുതണം.
രജിസ്ട്രേഷൻ നിർബന്ധം: ഇതുവരെ എംബസിയിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഓൺലൈൻ ലിങ്ക് വഴിയോ, ഇന്റർനെറ്റ് തടസ്സമുണ്ടെങ്കിൽ ഇന്ത്യയിലുള്ള ബന്ധുക്കൾ വഴിയോ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണം.
അടിയന്തര സഹായങ്ങൾക്കായി ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാൻ എംബസി പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറുകളും (+989128109115, +989128109109) ഇമെയിൽ വിലാസവും (cons.tehran@mea.gov.in) സജ്ജമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ അറിയാൻ പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.

