ഇന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകൻ സത്യജിത് റായിയെയും അദ്ദേഹത്തിന്റെ വിഖ്യാതമായ ‘അപു ത്രയ’ത്തെയും (The Apu Trilogy) വാനോളം പുകഴ്ത്തി ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ. ന്യൂയോർക്കിലെ പ്രശസ്തമായ ‘ക്രൈറ്റീരിയൻ ക്ലോസെറ്റ്’ സന്ദർശനത്തിനിടെയാണ് റായിയെ മികച്ച ഇന്ത്യൻ ചലച്ചിത്രകാരന്മാരിൽ ഒരാളായി നോളൻ വിശേഷിപ്പിച്ചത്. റായിയുടെ ആദ്യ ചിത്രമായ ‘പഥേർ പാഞ്ചാലി’ കണ്ടപ്പോൾ ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും മനസ്സിനെ പിടിച്ചുലച്ചെന്നും അദ്ദേഹം പറഞ്ഞു.
ത്രയത്തിലെ ബാക്കി രണ്ട് ചിത്രങ്ങളായ ‘അപരാജിതോ’, ‘അപുർ സൻസാർ’ എന്നിവ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നോളൻ വെളിപ്പെടുത്തി.ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കി സത്യജിത് റായ് ഒരുക്കിയ ‘അപു ത്രയം’ ലോകസിനിമയിലെ തന്നെ മാസ്റ്റർപീസായാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയുമായി മുൻപും ആഴത്തിലുള്ള ബന്ധം പുലർത്തുന്ന നോളൻ, തന്റെ മുൻ ചിത്രങ്ങളായ ‘ടെനറ്റ്’, ‘ദി ഡാർക്ക് നൈറ്റ് റൈസസ്’ എന്നിവയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ പ്രേക്ഷകർക്ക് സിനിമയോടുള്ള താല്പര്യം ലോകത്ത് മറ്റിടങ്ങളിലൊന്നും കാണാൻ കഴിയില്ലെന്നും നോളൻ ഓർത്തെടുത്തു.

