കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അപ്രതീക്ഷിതമായി പിന്മാറി.
ധാർമ്മികമായ കാരണങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം കേസ് കേൾക്കുന്നതിൽ നിന്നും സ്വയം ഒഴിഞ്ഞത്.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മുൻപ് ഹൈക്കോടതി ഡിസ്ട്രിക്ട് ജുഡീഷ്യറി രജിസ്ട്രാർ ആയിരുന്ന സമയത്ത്, അതിജീവിതയുടെ അന്നത്തെ അഭിഭാഷകൻ ഈ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ഭരണപരമായ തലത്തിൽ ഒരു പരാതി നൽകിയിരുന്നു.
അന്ന് ഈ പരാതി കൈകാര്യം ചെയ്ത സമിതിയുടെ ഭാഗമായി താൻ പ്രവർത്തിച്ചിരുന്നതിനാൽ, ഇപ്പോൾ അതേ വിഷയത്തിലുള്ള ഹർജിയിൽ ജഡ്ജിയായിരുന്ന് വാദം കേൾക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിലയിരുത്തുകയായിരുന്നു.
രാവിലെ ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ ഈ വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വാദത്തിനിടയിലാണ്, മുൻപ് ഇതേ വിഷയത്തിൽ ഹൈക്കോടതിയുടെ ഭരണസമിതിക്ക് മുന്നിൽ പരാതി നൽകിയിരുന്നോ എന്ന് ജഡ്ജി ചോദിച്ചതും അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ അത് സ്ഥിരീകരിച്ചതും. ഇതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കേസിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായും ദൃശ്യങ്ങൾ നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചതായും ഫോറൻസിക് റിപ്പോർട്ടിൽ നേരത്തെ തെളിഞ്ഞിരുന്നു. ഇതിന്മേൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് പക്ഷപാതപരമാണെന്നും, അത് റദ്ദാക്കി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ (SIT) വെച്ച് പുനരന്വേഷണം നടത്തണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം.
ജഡ്ജി കേസിൽ നിന്നും പിന്മാറിയ സാഹചര്യത്തിൽ ഈ ഹർജി ഇനി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടും. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം ഹർജി ഉടൻ തന്നെ മറ്റൊരു സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റും.

