കൽപറ്റ: വയനാട് കോളിയാടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൽപറ്റ എം.എൽ.എയും മന്ത്രിയുമായ ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി.
രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പ്രത്യേക യോഗങ്ങൾ ചേരുന്നതിനൊപ്പം കിണറുകൾ ക്ലോറിനേഷൻ നടത്താൻ സ്പെഷ്യൽ ഡ്രൈവും ആരംഭിക്കും.
കോളിയാടി സ്കൂളിലെ കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 14 പേർക്ക് കൂടി നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരായ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂളുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കാനും ഡിസ്ചാർജ് ചെയ്ത ശേഷം വീണ്ടും ലക്ഷണങ്ങൾ കാണിച്ച കുട്ടികളെ പ്രത്യേക നിരീക്ഷണത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
സ്കൂളുകളിലെ ജലപരിശോധനയിൽ വീഴ്ചയുണ്ടായോ എന്ന് കർശനമായി പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതൽ ജില്ലയിൽ വിപുലമായ ബോധവത്കരണ പരിപാടികളും ആരംഭിക്കും.

