ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ വിപ്ലവകരമായി മാറ്റിയെഴുതിയ പ്രശസ്ത സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ മകൻ മനോജ് ഭാരതിരാജ ഹൃദയാഘാതം മൂലം അന്തരിച്ചതുണ്ടാക്കിയ വൈകാരിക ആഘാതം അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നു.ഗ്രാമീണ സിനിമകളുടെ തമ്പുരാൻ
തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ നാല് ചുവരുകളിൽ നിന്ന് ഗ്രാമീണതയുടെ ഭംഗിയിലേക്കും യാഥാർത്ഥ്യങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്നത് ഭാരതിരാജയായിരുന്നു.
1977-ൽ കമൽഹാസനും രജനികാന്തും ഒന്നിച്ച ‘പതിനാറു വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്കാരം നേടി. തുടർന്ന് ‘കിഴക്കേ പോകും റെയിൽ’, ‘സിഗപ്പ് റോജാക്കൾ’, ‘അലൈകൾ ഓയ്വതില്ലൈ’, ‘ടിക് ടിക് ടിക്’, ‘മൻ വാസനൈ’, ‘കിഴക്ക് ചീമയിലെ’ തുടങ്ങി നിരവധി തരംഗങ്ങൾ സൃഷ്ടിച്ച സിനിമകൾ അദ്ദേഹം സമ്മാനിച്ചു.
- ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കി.
- 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
- 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
സംവിധാനത്തിന് പുറമെ ഇരുപതോളം ചിത്രങ്ങളിൽ അദ്ദേഹം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘തുടരും’ എന്ന മലയാള സിനിമയിലും അദ്ദേഹം പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഭാരതിരാജയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.

