കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചെന്നും പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും ആരോപിച്ച് നടി അൻസിബ ഹസന് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകി.
ജൂൺ 17-നകം വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ താക്കീത്. അതിനിടെ, നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐ രേഷ്മയ്ക്കുമെതിരെ അൻസിബ നൽകിയ മാനസിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ഈ പോലീസ് കണ്ടെത്തലിനെതിരെ കോടതിയെ സമീപിക്കാനാണ് അൻസിബയുടെ തീരുമാനം.നടൻ ടിനി ടോം തന്നെ വർഗീയമായി അധിക്ഷേപിക്കാനും സൈബർ ഇടങ്ങളിൽ വേട്ടയാടാനും ശ്രമിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.
തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും കുടുംബത്തെ അപകീർത്തിപ്പെടുത്തിയതായും അൻസിബ ആരോപിച്ചു. ടിനി ടോം നടത്തിയ പരാമർശങ്ങൾ നേരിട്ട് കേട്ട നടി നീനാ കുറുപ്പാണ് കേസിലെ പ്രധാന സാക്ഷി. വരും ദിവസങ്ങളിൽ ടിനി ടോം, നീനാ കുറുപ്പ് എന്നിവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തും. അതേസമയം, കേസിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കി.

