ഫ്ലോറിഡ ∙ അനുസരണക്കേട് കാണിച്ചതിന് അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി അറസ്റ്റിൽ. ഫ്ലോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ് ആണ് പൊലീസിന്റെ പിടിയിലായത്.രാവിലെ 11 മണി മുതൽ വൈകിട്ട് വരെയാണ് കുട്ടിയെ ഇവർ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കിയത്. ഈ സമയമത്രയും ശുചിമുറിയിൽ പോകാൻ പോലും യുവതി അനുവദിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഒടുവിൽ സഹോദരിയുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട കുട്ടി അയൽക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കുട്ടിയുടെ കാൽമുട്ടുകളിൽ പരുക്കുകളുണ്ടായിരുന്നു.
ഇവരുടെ അമ്മയെ നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയാണ് നിലവിൽ കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുൻപും ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ ക്രൂരമായി ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.നിലവിൽ 2,500 ഡോളർ ബോണ്ടിൽ ജയിലിൽ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും പൂർണ്ണമായും മാറിനിൽക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവർക്കെതിരെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഹോൾഡും (Hold) നിലവിലുണ്ട്.

