തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്തിമ തീരുമാനം യുഡിഎഫ് മുന്നണിക്ക് വിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്ന് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും, മുന്നണി അനുമതി നൽകിയാൽ മാത്രമേ വിൽപ്പനയുമായി മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.
വിൽപ്പന വേണ്ടെന്നാണ് തീരുമാനമെങ്കിൽ പദ്ധതി നടപ്പാക്കില്ല.വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയതും ബക്കാഡി കമ്പനിയുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ടതും മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തങ്ങൾ ബജറ്റിൽ നികുതി ഘടന നിശ്ചയിക്കുക മാത്രമാണ് ചെയ്തത്. മദ്യനയം രാഷ്ട്രീയ തീരുമാനമാണെന്നും ഘടകകക്ഷികളുമായി ആലോചിച്ച് ഡ്രാഫ്റ്റ് രൂപീകരിക്കുമെന്നും സതീശൻ സഭയിൽ വ്യക്തമാക്കി.

