പശ്ചിമേഷ്യയിൽ ഇടക്കാല വെടിനിർത്തൽക്കരാർ ലംഘിച്ച് യു.എസും ഇറാനും തമ്മിൽ ശക്തമായ ആക്രമണ പ്രത്യാക്രമണം. ഒമാൻ തീരത്ത് ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തി. ഇതിനുപിന്നാലെ, യു.എസിന് സൈനിക നടപടിയിലൂടെ ബാക്കി ദൗത്യം പൂർത്തിയാക്കേണ്ടിവരുമെന്നും അതുകഴിഞ്ഞാൽ ഇറാൻ എന്ന രാജ്യം കാണില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി.
ട്രംപിന്റെ ഭീഷണി വന്ന് മണിക്കൂറുകൾക്കകം കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കുവൈത്ത് സൈന്യം നിർവീര്യമാക്കിയപ്പോൾ, ബഹ്‌റൈനിൽ ഒരു പാർപ്പിട സമുച്ചയത്തിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണങ്ങളിൽ യു.എസ് സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെടിനിർത്തൽ ലംഘനം തുടർന്നാൽ നയതന്ത്ര ചർച്ചകൾ പൂർണമായി നിർത്തിവെക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡും (ഐ.ആർ.ജി.സി.) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

