സമാധാനക്കരാർ ഒപ്പിട്ട് ഒരാഴ്ച തികയും മുൻപേ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഹോർമൂസ് കടലിടുക്കിൽ ഖത്തറിൽ നിന്നുള്ള ‘എംടി കികു’ എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി, ഇറാനിലെ 10 തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ യുഎസ് തുടർച്ചയായി രണ്ടാം ദിവസവും ശക്തമായ വ്യോമാക്രമണം നടത്തി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് സൈന്യം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. യുക്തിസഹമായി പെരുമാറിയില്ലെങ്കിൽ ഇറാൻ എന്ന രാജ്യം തന്നെ ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയപ്പോൾ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ‘നരക’മാക്കി മാറ്റുമെന്ന് ഇറാനും തിരിച്ചടിച്ചു.

