കൊൽക്കത്ത: സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആന്റ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ – 2026’ പശ്ചിമ ബംഗാൾ നിയമസഭ തിങ്കളാഴ്ച പാസാക്കി. നിയമസഭയിൽ 176 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 41 പേർ ഇതിനെതിരെ വോട്ട് ചെയ്തു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന ഏതൊരാളെയും ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാൻ ഈ പുതിയ നിയമം ഭരണകൂടത്തിന് അധികാരം നൽകുന്നു. ഇതിനായി ഉത്തരവിടാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പോലീസ് കമ്മിഷണർമാർക്കും അവകാശമുണ്ടായിരിക്കും. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
കള്ളക്കടത്ത്, അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയും ഈ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കാനും ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് കമ്മിഷണർക്കും പുതിയ നിയമപ്രകാരം അധികാരമുണ്ടാകും

