ഗ്വാഡലൂപ്പ്: കരുത്തരായ നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ആഫ്രിക്കൻ കരുത്തരായ മൊറോക്കോ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു അഷ്‌റഫ് ഹക്കീമിയും സംഘവും ഡച്ച് പടയെ അട്ടിമറിച്ചത്. മത്സരത്തിൽ മൊറോക്കൻ ഗോൾകീപ്പർ യാസ്സിൻ ബോനോയുടെ അവിശ്വസനീയ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.
നിശ്ചിത സമയത്ത് ഡച്ച് താരം വാൻ ഡെ വെനിന്റെ ഗോളെന്നുറച്ച ഷോട്ട് ഉൾപ്പെടെ തടഞ്ഞിട്ട ബോനോ, ഷൂട്ടൗട്ടിൽ ക്രിസെൻസിയോ സോമർവിലിന്റെ കിക്ക് ഒട്ടും ഡൈവ് ചെയ്യാതെ എഴുന്നേറ്റു നിന്ന് അനായാസമായി തടുത്തിട്ടാണ് മൊറോക്കോയുടെ രക്ഷകനായത്.
2022 ഖത്തർ ലോകകപ്പിൽ സ്‌പെയിനിനെതിരെയും, 2025 ആഫ്രിക്കൻ നേഷൻസ് കപ്പ് സെമിയിൽ നൈജീരിയക്കെതിരെയും പെനാൽറ്റികൾ തടുത്തിട്ട് മൊറോക്കോയെ വിജയത്തിലേക്ക് നയിച്ച ബോനോ, വലിയ വേദികളിൽ താൻ എത്രത്തോളം അപകടകാരിയായ ഗോൾകീപ്പറാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

