ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ ആധുനികവൽക്കരണത്തിനും അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനുമായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിർണായക പ്രതിരോധ ഇടപാടുകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകാനൊരുങ്ങുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള കാമികാസെ ഡ്രോണുകൾ, കുറഞ്ഞ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ നേരിടാൻ സഹായിക്കുന്ന ‘വെർബ’ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങൾ (MANPADS), ലഡാക്ക് ഉൾപ്പെടെയുള്ള അതിർത്തികളിൽ കരുത്തുതെളിയിച്ച ‘കെ-9 വജ്ര’ സെൽഫ് പ്രൊപ്പൽഡ് ആർട്ടിലറി ഗണ്ണുകൾ എന്നിവയുടെ അധിക സംഭരണമാണ് പദ്ധതിയിലുള്ളത്.
കൂടാതെ, ശത്രുക്കളുടെ മിസൈൽ-റോക്കറ്റ് ആക്രമണങ്ങളിൽ നിന്ന് ടാങ്കുകൾക്കും കവചിത വാഹനങ്ങൾക്കും സുരക്ഷയൊരുക്കുന്ന ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റവും (APS) സായുധ സേനയുടെ ഭാഗമാകും. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയ്ക്കും ഭാവിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും ഈ ആധുനിക വിന്യാസം വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.

