തെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള കടുത്ത സംഘർഷ സാഹചര്യത്തിൽ ഉയർന്ന സുരക്ഷാഭീഷണിയാണ് ഇതിന് കാരണം. ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയും മൊജ്തബയുടെ അടുത്ത അനുയായിയുമായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് ‘ഇന്ത്യ ടുഡേ’യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഹക്കിം ഇലാഹി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളെ നേരിട്ടുകാണാൻ മൊജ്തബയ്ക്ക് താല്പര്യമുണ്ടെങ്കിലും നിലവിലെ അപകടകരമായ സാഹചര്യം മുൻനിർത്തി പുറത്തിറങ്ങരുതെന്ന് സുരക്ഷാ ഏജൻസികൾ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ആയത്തുള്ള അലി ഖമനയിയുടെ വേർപാട് ഇറാൻ ജനതയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും രാജ്യം ആഴത്തിലുള്ള ദുഃഖത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

