പൂനെ: പൂനെ സ്വദേശിയായ യുവ വ്യവസായി കേതൻ അഗർവാളിന്റെ (25) കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവർക്ക് പുറമെ കൊലപാതകത്തിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടെന്ന് അന്വേഷണ സംഘം (SIT) കണ്ടെത്തി. ചേതന്റെ അടുത്ത സുഹൃത്തായ 22-കാരനാണ് ഇതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം പ്രതികൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ സുഹൃത്തിനെ എസ്‌ഐടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ജൂൺ 18-നാണ് പൂനെ ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിവിട്ട് കേതനെ കൊലപ്പെടുത്തിയത്. നിലവിൽ സിയയും ചേതനും കുറ്റം പരസ്പരം മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്.

സിയയുടെ മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷണത്തോടുള്ള അസഹകരണവും കണക്കിലെടുത്ത് ഇവരെ നുണപരിശോധനയ്ക്ക് (Polygraph Test) വിധേയയാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേതന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ എന്നും കൊലപാതകത്തിന്റെ യഥാർത്ഥ ആസൂത്രണം എങ്ങനെയാണെന്നും കണ്ടെത്താൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *