ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കാലവർഷം കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തിപ്രാപിക്കുന്നു. ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപകമായ മഴക്കെടുതികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഡൽഹിയിലുണ്ടായ കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാവുകയും, മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഡൽഹിയിൽ മഴക്കെടുതിയെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

വരും ദിവസങ്ങളിൽ രാജസ്ഥാൻ, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി മൺസൂൺ പൂർണ്ണമായി വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

കനത്ത വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, വരും ദിവസങ്ങളിൽ കേരളത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് സൂചന.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദപാത്തിയും, ഉത്തർപ്രദേശിന് മുകളിലുള്ള ശക്തമായ ന്യൂനമർദ്ദ മേഖലയുമാണ് ഇതിന് കാരണം. ജൂലൈ 9 മുതൽ ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *