ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ യു.എ.ഇ.യുടെ രണ്ട് എണ്ണടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഒമാൻ അതിർത്തിക്കുള്ളിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മംബാസ’, ‘അൽ ബാഹിയ’ എന്നീ കപ്പലുകൾക്ക് നേരെയാണ് ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായത്. മംബാസയിലെ ക്രൂ അംഗമായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ എട്ടുപേരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രെയ്ൻ സ്വദേശികളുമാണ്; ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മിസൈൽ പതിച്ചതിനെ തുടർന്ന് ഇരു കപ്പലുകൾക്കും തീപിടിച്ചെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്നും ഉചിതമായ രീതിയിൽ തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും യു.എ.ഇ. പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

