വാഷിങ്ടൺ: വിക്ഷേപണത്തിന് വെറും ഒരു സെക്കൻഡ് മാത്രം ബാക്കിനിൽക്കെ എഞ്ചിൻ തകരാറിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ ‘സ്റ്റാർഷിപ്പ്’ പരീക്ഷണ പറക്കൽ മാറ്റിവെച്ചു. ടെക്സസിലെ ബോക്ക ചീകയിലുള്ള സ്റ്റാർബേസ് വിക്ഷേപണ തറയിൽ നിന്നുള്ള സ്റ്റാർഷിപ്പിന്റെ പതിമൂന്നാമത് പരീക്ഷണ പറക്കലാണ് അവസാന നിമിഷം തടസ്സപ്പെട്ടത്.
ലിഫ്റ്റ്-ഓഫിന് മൂന്ന് സെക്കൻഡ് മുമ്പ് എഞ്ചിനുകൾ ജ്വലിപ്പിക്കുന്ന ഘട്ടത്തിലാണ് സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്. പേടകത്തിന്റെ ചില എഞ്ചിനുകളിൽ തീപടരുകയും പുക നിറയുകയും ചെയ്തതിനെ തുടർന്ന് ഓട്ടോമാറ്റിക് സിസ്റ്റം വിക്ഷേപണം തടയുകയായിരുന്നു407 അടി (124 മീറ്റർ) ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റിന് 33 പ്രധാന എഞ്ചിനുകളാണുള്ളത്.
വെബ്‌കാസ്റ്റിലെ ഓൺ-സ്‌ക്രീൻ ഡാറ്റ പ്രകാരം ഇതിൽ നാല് എഞ്ചിനുകൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ബാക്കി 29 എഞ്ചിനുകളും ഉടനടി ഓഫ് ചെയ്ത് വിക്ഷേപണം നിർത്തിവെച്ചത്.
ഒരു പൂർണ്ണ സജ്ജമായ സ്റ്റാർഷിപ്പ് റോക്കറ്റിന് വിക്ഷേപണ തറയിൽ വെച്ച് അവസാന സെക്കൻഡിൽ ഇത്തരമൊരു തടസ്സം നേരിടുന്നത് ഇതാദ്യമായാണ്. വിക്ഷേപണ സംഘം ഉടൻ തന്നെ റോക്കറ്റിൽ നിന്ന് ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തു.
സുരക്ഷിതമായ അടുത്ത പറക്കലിനായി തകരാറിലായ രണ്ട് എഞ്ചിനുകൾ മാറ്റിസ്ഥാപിക്കുമെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് എക്സിലൂടെ (X) അറിയിച്ചു. കാര്യക്ഷമതയുള്ള എഞ്ചിനുകൾ സ്ഥാപിച്ച ശേഷം അടുത്ത ആഴ്ച ആദ്യം തന്നെ അടുത്ത വിക്ഷേപണ ശ്രമം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

