ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ വ്യാപക നാശനഷ്ടം. അഹ്വാസ് നഗരത്തിലെ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിക്കുന്ന ഷാഹിദ് ബഗേയി ആശുപത്രിക്ക് സമീപമുണ്ടായ സ്ഫോടനത്തെത്തുടർന്ന് അസുഖബാധിതരായ കുട്ടികൾ ഉൾപ്പെടെ 211-ഓളം രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു.
ഒരാഴ്ചയ്ക്കിടെ രാജ്യത്തുനീളം നടന്ന യുഎസ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച സൈനിക ബാരക്കിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു.അഹ്വാസിന് പുറമെ ബന്ദർ അബ്ബാസ്, ചഹാബഹാർ, ഖെഷ്ം ദ്വീപ് തുടങ്ങി നിരവധി പ്രധാന നഗരങ്ങളിലും ഒപ്പം ഇറാന്റെ ഏക സിവിലിയൻ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലെ മൂന്ന് കേന്ദ്രങ്ങളിലും അമേരിക്ക ബോംബാക്രമണം നടത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക നീക്കങ്ങളെ തടയാനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
അതേസമയം, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച അമേരിക്കയുടെ അത്യാധുനിക MQ-9 ഡ്രോൺ ആൻഡിമേഷ്ക്ക് നഗരത്തിന് മുകളിൽ വെച്ച് വെടിവെച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (IRGC) അവകാശപ്പെട്ടു. ഇറാൻ സമാധാന ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

