തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്നും താൻ സത്യത്തിന്റെ പക്ഷത്താണെന്നും നടനും ഇൻഫ്ലുവൻസറുമായ അഖിൽ മാരാർ. ട്വന്റി20 പാർട്ടിയിൽ നിന്ന് രാജിവെക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കവേ, പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബുമായി നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻഷോട്ടുകളും ശബ്ദസന്ദേശങ്ങളും അഖിൽ പുറത്തുവിട്ടു.
തൃക്കാക്കരയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും മാസങ്ങളായി പാർട്ടിയിൽ നിന്നും തനിക്ക് അവഗണന മാത്രമാണ് ലഭിച്ചതെന്നും താൻ സാബു ജേക്കബിന്റെ പിന്നാലെ പോയതല്ല, മറിച്ച് അവർ തന്റെ പിന്നാലെ വന്ന് ചതിക്കുകയായിരുന്നുവെന്നും അഖിൽ ആരോപിച്ചു.
എന്നാൽ അഖിലിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചു. അഖിൽ മാരാർ തന്നെയാണ് കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ട്വന്റി20യിലെത്തിയതെന്നും, തിരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിരുന്നതായും സാബു ജേക്കബ് വെളിപ്പെടുത്തി.
ഇതിനിടെ, വ്യക്തിപരമായ സന്ദേശങ്ങൾ പരസ്യമാക്കിയ അഖിലിനെതിരെ വിമർശനമുയരുന്നതിനൊപ്പം, ഒരാഴ്ച കഴിയുമ്പോൾ അഖിൽ നിലപാട് തിരുത്തുമെന്നുള്ള രമേശ് പിഷാരടിയുടെ പഴയ പരിഹാസവും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.

