തിരുവനന്തപുരം: കേരള പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. ഉന്നതരുടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകൾ കസ്റ്റഡിയിലെടുക്കാനും സംശയനിഴലിലുള്ള ഉദ്യോഗസ്ഥരുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാനും നടപടികൾ ആരംഭിച്ചു.
ക്രൈംബ്രാഞ്ച് ഐജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ലഭിച്ച തൊണ്ണൂറിലധികം പരാതികൾ വിശദമായി പരിശോധിക്കുന്നതിനായി അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനമുണ്ട്.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

