ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വിൽപത്രം വ്യാജമാണെന്ന് ആരോപിച്ച് മൂത്തമകൾ ഉഷ മോഹൻദാസ് നൽകിയ കേസിൽ കൊട്ടാരക്കര സബ് കോടതി നിർദേശപ്രകാരം നടന്ന മധ്യസ്ഥതയിൽ ഒത്തുതീർപ്പായി. കേസിലെ കക്ഷികളായ ഉഷ മോഹൻദാസ്, മന്ത്രി കെ.ബി. ഗണേഷ് കുമാർ, ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്റെ പ്രതിനിധി എന്നിവർ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പിട്ടു.
ഇതനുസരിച്ച് ഗണേഷ് കുമാറിന്റെ പേരിലുള്ള രണ്ടു സ്വത്തുക്കളും (വാളകത്തെ 27 സെന്റും പനവേലിയിലെ 67 സെന്റും) ബിന്ദുവിന്റെ പേരിലുള്ള ഒരു സ്വത്തും (വാളകത്തെ 30 സെന്റ്) ഉഷ മോഹൻദാസിന് ലഭിക്കും. ഹർജിയിൽ കോടതി അടുത്ത മാസം 6-ന് വിധി പറയും

