വാഷിങ്ടൺ: വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ഊർജ്ജ മേഖലകളിൽ വൻ സൈനിക ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി യു.എസ് മാധ്യമങ്ങൾ.
ദിവസങ്ങളോളം നീണ്ടുനിന്നേക്കാവുന്ന ഈ ആക്രമണ പദ്ധതിയിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ട്. ക്യാമ്പ് ഡേവിഡിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും, മേഖലയിലുണ്ടാകുന്ന വൻ യുദ്ധസാധ്യതയും സാമ്പത്തിക തകർച്ചയും മുൻനിർത്തി ഉപദേശകർ മുന്നറിയിപ്പ് നൽകിയതിനാൽ അന്തിമ അനുമതി ട്രംപ് ഇതുവരെ നൽകിയിട്ടില്ല , അതേസമയം, ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വൈദ്യുതി വിതരണ ഗ്രിഡുകളും പെട്രോളിയം റിഫൈനറികളും ആക്രമിക്കപ്പെട്ടാൽ, മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

