തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽപെട്ട് വ്യത്യസ്ത ഇടങ്ങളിലായി മൂന്ന് പേർ മരണപ്പെട്ടു. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി, വാഗമൺ കോലാഹലമേട്ടിൽ പ്രഭാകരൻ നായർ, പൂഞ്ഞാറിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണി എന്നിവരാണ് മരിച്ചത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ 8 ജില്ലകളിൽ റെഡ് അലേർട്ടും എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.നൂറോളം ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രധാന മലയോര പാതകളിലെല്ലാം ഗതാഗതം സ്തംഭിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി സജ്ജമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

