ദുബായ്: തുർക്കിയുമായും പാക്കിസ്ഥാനുമായും സൗദി അറേബ്യ പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് രണ്ട് ദിവസത്തിന് ശേഷം സൗദിയിലെ പ്രധാന എണ്ണ ശുചീകരണശാലയ്ക്ക് നേരെ ആക്രമണം. സൗദിയുടെ തെക്കുപടിഞ്ഞാറൻ തീരമേഖലയിലുള്ള ജിസാനിലെ അരാംകോ റിഫൈനറിയെ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിൽ തീപിടിത്തമുണ്ടായതായി സൗദി അധികൃതർ സ്ഥിരീകരിച്ചെങ്കിലും, തീയണച്ചതായും ആളപായമൊന്നുമില്ലെന്നും അറിയിച്ചു.
യാൻബു, മൊക്ക തുറമുഖങ്ങൾക്കും നേരെ ഡ്രോൺ ആക്രമണം
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്ന യാൻബു തുറമുഖത്തിന് നേരെയും ആക്രമണമുണ്ടായി. യെമനിലെ ഹജ്ജ, സാദ പ്രവിശ്യകളിൽ സൗദി ഡ്രോണുകൾ എത്തിയതാണ് പ്രകോപനത്തിന് കാരണമായി ഹൂതികൾ ചൂണ്ടിക്കാണിക്കുന്നത്.
ഇതിനുപുറമെ, സൗദി അനുകൂല സർക്കാരിന്റെ നിയന്ത്രണത്തിലുള്ള യെമനിലെ ചെങ്കടൽ തുറമുഖമായ മൊക്കയിലെ എണ്ണ സംഭരണകേന്ദ്രത്തിന് നേരെയും ആക്രമണം നടന്നതായി ഹൂതികൾ വ്യക്തമാക്കി

