തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പൽ കല്ലു രൂപ റെഡ്ഡി (48) കൊല്ലപ്പെട്ട സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 11-ന് വീടിനുള്ളിൽ കടന്നുകയറിയ പ്രതികൾ രൂപയെ 27 തവണ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രിൻസിപ്പലിന്റെ കയ്യിൽ സ്കൂൾ ഫീസായി പിരിച്ചെടുത്ത വൻ തുകയുണ്ടാകുമെന്ന ധാരണയിലാണ് കവർച്ച ആസൂത്രണം ചെയ്തതെങ്കിലും, ആക്രമണത്തിനിടെ മാസ്ക് അഴിഞ്ഞുപോയി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ ക്രൂരമായി വധിച്ചത്.
മുൻപ് ഹോസ്റ്റലിൽ വെച്ച് മൊബൈലും പണവും പിടികൂടി ശാസിച്ചതിലുള്ള വ്യക്തിവൈരാഗ്യവും കവർച്ചാശ്രമവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.മരണത്തിന് തൊട്ടുമുമ്പ് അമ്മായിയുമായി ഫോണിൽ സംസാരിക്കവെ പ്രിൻസിപ്പൽ ‘ബാബു’ എന്ന് അഭിസംബോധന ചെയ്ത് വിളിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
വിദ്യാർഥികളെ അവർ പതിവായി വിളിച്ചിരുന്ന വാക്കാണിതെന്ന് മനസ്സിലാക്കിയ പൊലീസ്, സ്കൂൾ തുറന്നപ്പോൾ ഹാജരാകാതിരുന്ന കുട്ടികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽനിന്ന് കണ്ടെടുത്ത 1.54 ലക്ഷം രൂപയിലെ കറൻസി നോട്ടുകളിൽ കൊല്ലപ്പെട്ട രൂപയുടെ രക്തക്കറ ഫോറൻസിക് സംഘം സ്ഥിരീകരിച്ചു.
പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ കവർച്ച ചെയ്ത തുകയും ഫോണുകളും വീണ്ടെടുത്ത ശേഷം ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

