പത്തനംതിട്ട കടപ്രയിൽ 75-കാരിയായ പൊന്നമ്മ തോമസിനെ മകൻ ടിജോ തോമസും കൂട്ടുകാരി റിൻസി മോളും ചേർന്ന് മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പോലീസിന് ലഭിച്ച ഒരു രഹസ്യ ഫോൺ സന്ദേശം നിർണ്ണായക വഴിത്തിരിവായി. രോഗബാധിതയായ അമ്മയെ നോക്കാനെന്ന വ്യാജേന വീട്ടിലെത്തിച്ച തിരുവനന്തപുരം സ്വദേശി റിൻസിയുമായി തിങ്കളാഴ്ച രാത്രിയിലുണ്ടായ തർക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയ പൊന്നമ്മയെ ടിജോ ക്രൂരമായി മർദിക്കുകയായിരുന്നു.

തുടർന്ന് ചൊവ്വാഴ്ച രാവിലെ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പൊന്നമ്മയുടെ മരണം സ്വാഭാവികമാണെന്ന് പ്രാഥമികമായി കരുതിയെങ്കിലും, “മൃതശരീരം ഒന്നുപോയി കാണാൻ” അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ദുരൂഹമായ ഫോൺ സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ബന്ധുക്കളിലാരോ നൽകിയ ഈ സൂചനയുടെ അടിസ്ഥാനത്തിൽ തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷ്, കോയിപ്രം എസ്.എച്ച്.ഒ. പങ്കജ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളായ ടിജോ തോമസിനെയും റിൻസി മോളെയും പോലീസ് അറസ്റ്റ് ചെയ്തു.

അമിത ലഹരി ഉപയോഗം മൂലം കുടുംബബന്ധങ്ങൾ തകർന്ന ടിജോയുമായുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും, മർദനമേറ്റ വിവരം മനസ്സിലാക്കുന്നതിൽ വീഴ്ചവരുത്തിയ സ്വകാര്യ ആശുപത്രി ഡോക്ടറുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *