ദുബായ് / ന്യൂഡൽഹി: ഗൾഫ് ഓഫ് ഏദനിൽ ആറംഗ സായുധ കടൽക്കൊള്ളക്കാരുടെ സംഘം എണ്ണക്കപ്പൽ പിടിച്ചെടുത്തു. ‘സീമുൾ’ (സിബു 1) എന്ന വിദേശ കപ്പലാണ് തങ്ങളുടെ നിയന്ത്രണത്തിലാക്കി സോമാലിയൻ തീരത്തേക്ക് തട്ടിക്കൊണ്ടുപോയത്. കപ്പലിലുണ്ടായിരുന്ന 16 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും രാജ്യാന്തര സമുദ്ര സുരക്ഷാ ഏജൻസികളും അറിയിച്ചു.
യമനിലെ അൽ മുകല്ലയ്ക്ക് കിഴക്ക് 136 നോട്ടിക്കൽ മൈൽ അകലെവച്ചാണ് സായുധസംഘം കപ്പലിൽ അതിക്രമിച്ചുകയറിയത്. കടൽക്കൊള്ളക്കാരുടെ ആക്രമണത്തിന് പിന്നാലെ കപ്പലിൽനിന്ന് അപായസന്ദേശം ലഭിക്കുകയായിരുന്നു.
16 ഇന്ത്യക്കാരെക്കൂടാതെ ഒരു സിറിയൻ, ഒരു സുഡാനീസ്, ഒരു ഇറാഖി പൗരനും മറ്റൊരു ജീവനക്കാരനും ഉൾപ്പെടെ ആകെ 20 പേരാണ് കപ്പലിലുള്ളത്. ഇറാന്റെ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ അമേരിക്ക ഉപരോധമേർപ്പെടുത്തിയ കപ്പലുകളിലൊന്നാണിത്. മേഖലയിൽ പട്രോളിങ് നടത്തുന്ന നാവികസേനകളും അന്താരാഷ്ട്ര കോസ്റ്റ് ഗാർഡും ജീവനക്കാരുടെയും കപ്പലിന്റെയും മോചനത്തിനായി ഊർജ്ജിത ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

