വാഷിങ്ടൺ: ഇറാനെതിരെ എപ്പോൾ വേണമെങ്കിലും കടുത്ത സൈനിക ആക്രമണം നടത്താൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിർമ്മിച്ച പ്രതിരോധ സാമഗ്രികൾ അമേരിക്കൻ സേന തകർത്തതായി അവകാശപ്പെട്ട ട്രംപ്, ഈ ഏറ്റുമുട്ടൽ കൂടുതൽ കാലം നീണ്ടുനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, ഉപരോധങ്ങൾ മറികടന്ന് ഇറാന് സാമ്പത്തിക സഹായമോ മറ്റ് വരുമാന മാർഗ്ഗങ്ങളോ ഉണ്ടാക്കാൻ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കടുത്ത മുന്നറിയിപ്പ് നൽകി.
ഭീകരവാദത്തിനും ആണവായുധ നിർമ്മാണത്തിനുമായി ഇറാൻ ഫണ്ട് ശേഖരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും റൂബിയോ വ്യക്തമാക്കി.മേഖലയിൽ സംഘർഷം പുകയുന്നതിനിടെ, ഇറാന്റെ ഭീഷണികൾ തടയുന്നതിൽ ഇസ്രയേലിന്റെ ദൗത്യം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികളെ പ്രതിരോധിക്കാൻ ആവശ്യമെങ്കിൽ തുടരക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നൽകുന്ന സൂചന.

