വാഷിങ്ടൺ: ബിഷ്‌കെകിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി.

അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഏതെങ്കിലും രാജ്യം ഇറാനെ സഹായിച്ചാൽ അവർക്കെതിരെയും കർശനമായ സെക്കൻഡറി ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഒരു റേഡിയോ അഭിമുഖത്തിൽ സംസാരിക്കവെയാണ് അമേരിക്കൻ നിലപാട് അദ്ദേഹം ആവർത്തിച്ചത്.എന്നാൽ, മോദി-പെസെഷ്‌കിയാൻ കൂടിക്കാഴ്ചയിലൂടെ ഇന്ത്യയും ഇറാനും തമ്മിൽ പുതിയ വ്യാപാര കരാറിലേക്ക് കടക്കുകയാണെന്ന റിപ്പോർട്ടുകളെ റൂബിയോ തള്ളിക്കളഞ്ഞു.

എല്ലാ രാജ്യങ്ങൾക്കും സ്വന്തമായ വിദേശനയങ്ങൾ ഉണ്ടാകുമെന്നും വിദേശ രാഷ്ട്രങ്ങളുമായി ചർച്ചകൾ നടത്തുന്നത് സാധാരണമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുൻപ് യു.എസ് പ്രതിനിധികൾ പോലും ഇറാന്റെ പ്രതിനിധികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഇതിന് വിരുദ്ധമായി ഭീകരവാദ പ്രവർത്തനങ്ങൾക്കോ ആണവായുധ നിർമാണത്തിനോ വേണ്ടി ഇറാൻ സാമ്പത്തിക വരുമാനം ഉണ്ടാക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനായി ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇറാനെ ഒരു തരത്തിലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന് റൂബിയോ കൂട്ടിച്ചേർത്തു. സാമ്പത്തിക ഉപരോധങ്ങളിലൂടെയാണ് ഇറാനെ പ്രധാനമായും സമ്മർദ്ദത്തിലാക്കുന്നതെങ്കിലും ആവശ്യമെങ്കിൽ ശക്തമായ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ യു.എസ് സൈന്യം കടുത്ത ആക്രമണങ്ങൾ തുടരുകയും, ഇറാന്റെ സുരക്ഷാ മേധാവി മൊഹ്സെൻ റെസായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *