തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ എസ്.എഫ്.ഐ നടത്തിയ സമരം എന്തിനുവേണ്ടിയായിരുന്നു എന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും, ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവ് വ്യക്തത വരുത്തണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും പൊലീസുകാരെ മർദ്ദിച്ച് അവരുടെ ഷീൽഡുകൾ തട്ടിയെടുത്ത് തിരിച്ചടിക്കുകയും ചെയ്ത സാഹചര്യത്തിൽ പോലും പൊലീസ് വളരെ സംയമനത്തോടെയാണ് പെരുമാറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊലീസിന്റേത് ‘പൊലീസ് രാജ്’ ആണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളിയ മന്ത്രി, സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിയിൽ നിന്ന് വരുംതലമുറയെ രക്ഷിക്കാനുള്ള നാടിന്റെ ആവശ്യമാണെന്നും, പൊലീസിനെ ആക്രമിക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്ന ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

