ന്യൂഡൽഹി: അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്താൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു. പാകിസ്താൻ നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ വിയോജിപ്പ് ഔദ്യോഗികമായി അറിയിച്ചത്.

അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നടന്ന ഈ സംഭവം പാകിസ്താൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ഒട്ടും പ്രൊഫഷണലല്ലാത്തതുമായ പെരുമാറ്റവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരം ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് ഉത്തർ അറബിക്കടലിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ പാക് കപ്പൽ സുരക്ഷിതമല്ലാത്ത രീതിയിൽ നീങ്ങി ഇന്ത്യൻ യുദ്ധക്കപ്പലിൽ ഉരസുകയായിരുന്നു. സംഭവത്തിൽ വൻ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.സൈനികാഭ്യാസങ്ങളും നീക്കങ്ങളും മുൻകൂട്ടി അറിയിക്കുന്നത് സംബന്ധിച്ച് 1991-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിലെ ആർട്ടിക്കിൾ 10-ന്റെ നഗ്നമായ ലംഘനമാണ് പാക് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പാക് അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് നയതന്ത്രജ്ഞനോട് ആവശ്യപ്പെട്ട ഇന്ത്യ, ഇസ്ലാമാബാദിലുള്ള ഇന്ത്യൻ സ്ഥാനപതി വഴിയും പാക് വിദേശകാര്യ മന്ത്രാലയത്തിൽ പ്രതിഷേധമറിയിച്ചിട്ടുണ്ട്. 2011 ജൂണിലും പാക് നാവികസേനയുടെ ‘ബാബർ’ എന്ന കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലായ ‘ഗോദാവരി’യുമായി സമാനരീതിയിൽ കൂട്ടിയിടിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You missed