ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈൻ താൽക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗാസയിലെ സാധാരണക്കാർക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായി ബഹ്‌റൈൻ പാർലമെന്റ് സ്ഥിരീകരിച്ചു.

പലസ്തീനിയൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്‌റൈൻ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് പാർലമെന്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ഗാസയിലെ സാധാരണക്കാരായ ജനതയുടെ ജീവൻ സംരക്ഷിക്കാനായി കൂടുതൽ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതാണ് ഇസ്രായേൽ തുടരുന്ന സൈനിക നടപടി.

നേരത്തെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചിരുന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചാണ് പ്രഖ്യാപനം. ബൊളീവിയയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത് ഇതാദ്യമായല്ല.

2009ൽ ഗാസ മുനമ്പിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ 2020-ൽ പ്രസിഡന്റ് ജീനിൻ അനസിന്റെ സർക്കാർ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നത് വരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ബൊളീവിയൻ വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം.

ഇസ്രായേൽ-ഹമാസ് യുദ്ധം

ഒക്ടോബർ 7 ന് ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങൾക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 1,400 ഇസ്രായേലികൾ കൊല്ലപ്പെട്ടിരുന്നു. ആ അപ്രതീക്ഷിത നുഴഞ്ഞുകയറ്റത്തിൽ അവർ 240 പേരെയെങ്കിലും ബന്ദികളാക്കി.

പിന്നാലെ യുഎസിന്റെയും മറ്റ് ചില പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ ഇസ്രായേൽ, 2007 മുതൽ ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഭീകര സംഘടനയെ ഉന്മൂലനം ചെയ്യുക, ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു നീക്കം.

ഇസ്രായേൽ ആദ്യം വ്യാപകമായ വ്യോമാക്രമണം നടത്തി, പിന്നീട് സാവധാനം കരകയറി ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായി തുടരുന്ന പ്രത്യാക്രമണത്തിൽ ഗാസയിൽ മാത്രം 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

അതേസമയം ഹമാസിനെതിരായ ആക്രമണം തുടരുന്നതിനിടെ ഇസ്രായേൽ സൈനികരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ആദം ബേസിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ മാറോം ബ്രിഗേഡാണ് അദ്ദേഹം സന്ദർശിച്ചത്. ഇസ്രായേൽ സൈന്യം ഗാസ നഗരത്തിന്റെ പ്രാന്തപ്രദേശത്താണെന്നും ഒന്നും ഞങ്ങളെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *