മോസ്കോ: റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ-താമസ മേഖലകൾക്ക് നേരെ യുക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാറ്റ്‌നെഫ്റ്റിന്റെ (Tatneft) ഉടമസ്ഥതയിലുള്ളതും റഷ്യയിലെ ഏറ്റവും അത്യാധുനിക എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നായ ടാനെക്കോയ്ക്ക് (TANECO) നേരെയാണ് പ്രധാനമായും ആക്രമണുണ്ടായത്.
റഷ്യയിലെ പ്രധാന ഇന്ധന സ്രോതസ്സുകളിലൊന്നായ പ്ലാന്റിൽ ആക്രമണത്തിന് പിന്നാലെ വൻതോതിൽ പുക ഉയർന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. റഷ്യയിൽ ഇന്ധനക്ഷാമം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ യുക്രൈൻ അടുത്തിടെ എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. എന്നാൽ തടസ്സപ്പെട്ട ഇന്ധന വിതരണം നിലവിൽ പുനഃസ്ഥാപിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.

