ബസ്തർ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ചോരക്കറ പുരണ്ട പ്രദേശം. പുരാണത്തിൽ ‘ദണ്ഡകാരണ്യ’മെന്ന പേരിൽ അറിയപ്പെടുന്ന ബസ്തര്‍ ഛത്തിസ്ഗഡിന്റെ ഭാഗമാണ്. ഇന്ത്യയിലെ പുരാതന ആദിവാസി മേഖല വാർത്തകളിൽ പലപ്പോഴും ഇടം നേടുന്നത് മാവോയിസ്റ്റ് ആക്രമണങ്ങളുടെ പേരിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച മറ്റൊരു ഏറ്റുമുട്ടലിനും ബസ്തർ മേഖല സാക്ഷ്യം വഹിച്ചു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 15 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടെ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു സുരക്ഷാസേന ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.കാംഗർ ജില്ലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടൽ.
ഛോട്ടെബെതിയ പൊലീസ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന ബിനാഗുണ്ടയുടെയും കൊറോണർ ഗ്രാമങ്ങളുടെയും ഇടയ്ക്കുള്ള ഹപാതോല വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ബസ്തറിലെ ഏറ്റവും അധികം മരണം നടന്ന ഏറ്റുമുട്ടൽ ഇതാണെന്ന് ഐജി സ്ഥിരീകരിച്ചു.
കാംഗർ വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് (ഏപ്രിൽ 26) പോളിങ് ബൂത്തിൽ എത്തുകയെങ്കിലും നക്സൽ ബാധിത മേഖലയായ ബസ്തർ ആദ്യ ഘട്ടമായ ഏപ്രിൽ 19ന് വോട്ട് രേഖപ്പെടുത്തും. ബസ്തറിൽ മാത്രം 60,000ൽ അധികം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നു ബസ്തർ ഐജിപി.സുന്ദർരാജ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു