തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് പൊള്ളലേറ്റതുൾപ്പെടെ 51 മുറിവുകളുണ്ടെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിയായ അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും അമ്മ അഖില ഇതിനെല്ലാം കൂട്ടുനിന്നതായും അഖിലയുടെ അമ്മ റീന വെളിപ്പെടുത്തി. കുഞ്ഞിനെ തങ്ങൾക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ലെന്നും, സ്വന്തം മകളാണെന്ന് പറയാൻ പോലും നാണക്കേട് തോന്നുന്നുവെന്നും റീന പറഞ്ഞു. ശനിയാഴ്ച പുലർച്ചെ കുട്ടി മരിക്കുമ്പോൾ അഖില തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. കേസിൽ അഖിലയെയും പങ്കാളി അഷ്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
