യുപിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം. ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ മാപ്പിലേയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തതായി വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തു

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്.

“ഞങ്ങളുടെ അഗാധമായ ദുഃഖം കുടുംബങ്ങളെ അറിയിക്കുന്നു. അന്വേഷണവുമായി സഹകരിക്കും. പൂർണ പിന്തുണ നൽകും”- ഗൂഗിൾ വക്താവ് പ്രതികരിച്ചു.

പ്രളയത്തിൽ തകർന്ന പാലത്തിന്‍റെ നിർമാണം പാതിവഴിയിലായിരുന്നു. ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അമിത് കുമാർ, സഹോദരൻ വിവേക് ​​കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച രാത്രി നടന്ന അപകടം ആരുമറിഞ്ഞില്ല. ഞായറാഴ്ച പുലർച്ചെ മാത്രമാണ് അപകടം നാട്ടുകാർ അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *