സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവന്‍ മനസില്‍.

വടക്കന്‍ പറവൂരിന്റെ അഭിമാനമായിരുന്നു സലിം കുമാര്‍. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചലച്ചിത്ര മേഖലയിലെ പലരും നിലപാട് പറയാന്‍ മടിച്ചു നിന്നപ്പോഴും ഒന്നും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയം പൊതുവേദികളില്‍ തുറന്നു പറയാന്‍ അദ്ദേഹം തയാറായി. ദാരിദ്രവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച് ദേശീയ പുരസ്‌കാര നിറവില്‍ എത്തിയ കലാകാരന്‍.

ഒസ്‌കാര്‍ നോമിനേഷനിലേക്കു വരെ എത്തിയ പ്രതിഭ. എന്റെ തിരഞ്ഞെടുപ്പുകളിലൊക്കെയും തിരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നു. അത് തന്റെ മാത്രം അവകാശമായി അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റെടുക്കുകയും ചെയ്തു.

ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഉദ്ഘാടകന്‍. എന്റെ വിജയത്തിലും സ്ഥാനലബ്ധിയിലും ഇത്രയേറെ സന്തോഷിച്ച കൂടപ്പിറപ്പ്. സന്തോഷം നിറഞ്ഞ ആ മുഖം മാത്രമാണ് മനസില്‍. മറക്കാനാകുന്നില്ല.

ഹാസ്യം മാത്രമല്ല ഏത് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ പ്രതിഭയായിരുന്നു സലിം കുമാര്‍. എത്രമേല്‍ നമ്മെ സന്തോഷിപ്പിച്ചുവോ അതിലേറെ കരയിച്ച കഥാപാത്രങ്ങളെയും അദ്ദേഹം അനായസം അവതരിപ്പിച്ചു. പ്രതിഭാ സമ്പന്നതയും വ്യക്തി ബന്ധങ്ങളില്‍ അതിലേറെ ആത്മാര്‍ത്ഥതയും കാട്ടിയ പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം.

ശരിക്കും പറവൂരുകാര്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു അതായിരുന്നു സലിം കുമാര്‍. എല്ലാവരെയും ചിരിപ്പിച്ചു. ഇപ്പോള്‍ എല്ലാവരെയും കരയിച്ചുള്ള യാത്ര.

സുനിതയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. അവരുടെ മാത്രം ദുഖമല്ലല്ലോ. സലിം കുമാര്‍ എന്ന അതുല്യ കലാകാരന്‍ നമ്മെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ആഗ്രഹിക്കാനാണ് എനിക്കിഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *