നയന്‍താര ബിയോണ്ട് ദ് ഫെയറിടെ​യ്​ല്‍’ ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. ഡോക്യുമെന്‍ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മൂന്ന് സെക്കന്‍റ് ദൃശ്യം ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് താരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.

നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്ന ഡോക്യുമെന്‍ററിക്ക് ഇതിനകം സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. സ്വകാര്യ ജീവിതത്തെ കുറിച്ച് എവിടെയും വെളിപ്പെടുത്താത്ത കാര്യങ്ങള്‍ താരം ഡോക്യുമെന്‍ററിയിലൂടെ പറയുന്നത് ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ ചതിക്കപ്പെട്ടുവെന്ന തോന്നലാണ് ഡോക്യുമെന്‍ററി കണ്ടുകഴിഞ്ഞപ്പോള്‍ എന്നാണ് മറ്റുചിലര്‍ പ്രതികരിച്ചത്.

നയന്‍സ് സ്വന്തം വിവാഹം വിറ്റുകാശാക്കിയെന്നാണ് ശോഭാ ഡേ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയതിന്‍റെ ചുരുക്കം. കണക്കറ്റ് പരിഹസിച്ചാണ് സമൂഹമാധ്യമക്കുറിപ്പ്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്ലിക്സിലെ ബിയോണ്ട് ദ് ഫെയറിടെയ്​ലിന്‍റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല.

വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്‍ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി. ‘എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് നാശമാണിത്.

എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളുംഅവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു’- ശോഭ ഡേ കുറിച്ചു.ശോഭ ഡേയുടെ പോസ്റ്റിന് ചുവടെ നിരവധിപ്പേരാണ് കടുത്ത നിരാശ പങ്കുവച്ചിരിക്കുന്നത്.

‘വെറും കല്യാണ വിഡിയോ ആയിപ്പോയി, മുഴുവന്‍ ഇരുന്ന് കണ്ടിട്ടും ഡോക്യുമെന്‍ററി ആയി തോന്നിയതേ ഇല്ല. നയന്‍താരയെ എല്ലാവരും പുകഴ്ത്തി പറയുന്ന ഭാഗങ്ങള്‍ മാത്രം ചേര്‍ന്നതാണത്. അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെയോ, പ്രയാസങ്ങളെയോ, അത് അവര്‍ താണ്ടിയ വിധങ്ങളെ കുറിച്ചോ ഒന്നും അതില്‍ ഇല്ല.

നെറ്റ്ഫ്ലിക്സ് വിവാഹ വിഡിയോ ചിത്രീകരിച്ച് പുറത്തിറക്കുന്നുവെന്ന് പറയുന്നതാകും കൂടുതല്‍ യോജിക്കുകയെന്നും ഒരാള്‍ കുറിച്ചു.ഡോക്യുമെന്‍ററിയില്‍ മൂന്ന് സെക്കന്‍റ് ദൃശ്യം ഉപയോഗിച്ചതിന് 10 കോടി രൂപ ധനുഷ് ആവശ്യപ്പെട്ടുവെന്നും പുറമേക്ക് കാണുന്ന സൗമ്യമായ മുഖത്തിനപ്പുറം ധനുഷിന് ഇത്രയും മോശമായ മുഖമുണ്ടെന്നും നയന്‍താര മൂന്ന് പേജ് വരുന്ന കത്തിലൂടെ തുറന്നടിച്ചിരുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേശും പ്രണയത്തിലാകുന്നത്. വിജയ്സേതുപതിയായിരുന്നു നായകന്‍. വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം ധനുഷാണ് നിര്‍മിച്ചത്.

ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ധനുഷ് നല്‍കാതെ രണ്ട് വര്‍ഷം ബുദ്ധിമുട്ടിച്ചുവെന്നും ഇതേത്തുടര്‍ന്ന് കൈവശമുണ്ടായിരുന്ന സെറ്റിലെ മൂന്ന് സെക്കന്‍റ് ദൃശ്യം ഉപയോഗിച്ചതിനാണ് 10 കോടി ആവശ്യപ്പെട്ടതെന്നും താരം വിശദീകരിച്ചിരുന്നുവിവാദത്തില്‍ ധനുഷ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

നയന്‍സിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ധനുഷ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. നവംബര്‍ 18ന് നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഡോക്യുമെന്‍ററി നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തത്.

നയന്‍താരയുടെ സ്വകാര്യ ജീവിതം, വിഘ്നേശുമൊത്തുള്ള വിവാഹം, പഴയകാല പ്രണയബന്ധങ്ങള്‍, വിവാദങ്ങള്‍, കുടുംബം , നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്‍ററി.

Leave a Reply

Your email address will not be published. Required fields are marked *