ലക്‌നൗ: വിവാദ ഹിന്ദു സന്യാസി യതി നരസിംഗാനന്ദിന്റെ വിവാദ പ്രസംഗം പങ്കുവെച്ച കേസിൽ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി യുപി പൊലീസ്. രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി എന്നാരോപിച്ച്, ഭാരതീയ അന്യായ സംഹിതയുടെ 152-ാം വകുപ്പാണ് യുപി പൊലീസ് കൂട്ടിച്ചേർത്തത്.അലഹബാദ് ഹൈക്കോടതിയെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
തനിക്കെതിരെയുള്ള പൊലീസ് നടപടി ചോദ്യം ചെയ്ത് സുബൈർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. യുപി പൊലീസ് മുൻപ് ചേർത്തിരുന്ന വകുപ്പുകൾ ശിക്ഷ കുറഞ്ഞവയായിരുന്നുവെന്നും എന്നാൽ പുതിയത് കൂട്ടിച്ചേർത്തവ വലിയ ശിക്ഷ ഉറപ്പുവരുത്തുന്നതാണെന്നും സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ കോടതിയിൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 152-ാം വകുപ്പ് ജാമ്യമില്ലാ വകുപ്പാണ്.
ഒക്ടോബർ എട്ടിനാണ് പൊലീസ് സുബൈറിനെതിരെ കേസെടുത്തത്. സെപ്റ്റംബർ 29ന് സ്വാമി യതി നരസിംഗാനന്ദ് മുസ്ലിങ്ങൾക്കും മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സുബൈർ ഇതിനെതിരെ ട്വീറ്റ് ചെയ്തിരുന്നു.
ശേഷം ഒക്ടോബർ മൂന്നിന്, നരസിംഗാനന്ദയുടെ പഴയ വീഡിയോ പോസ്റ്റ് ചെയ്ത് അദ്ദേഹത്തിനെതിരെ തിരിയാൻ ജനങ്ങളെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച്, ചില അനുയായികൾ സുബൈറിനെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് പൊലീസ് ഇപ്പോൾ നടപടികൾ കടുപ്പിക്കുന്നത്.സുബൈറിനൊപ്പം അർഷാദ് മദാനി, രാഷ്ട്രീയ നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മുൻപും നിരവധി തവണ വിവാദ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയയാളാണ് സ്വാമി യതി നരസിംഗാനന്ദ്. അദ്ദേഹത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരാതിരിക്കാനാണ് തന്റെ മേലുളള ഈ നടപടിയെന്നാണ് സുബൈറിന്റെ ആരോപണം.