ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രം ലക്കി ഭാസ്കർ തിയേറ്റർ വിജയത്തിന് ശേഷം ഒടിടിയിലും വലിയ തേരോട്ടമാണ് നടത്തി കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ അനവധി കാഴ്ചക്കാരെ സ്വന്തമാക്കുന്ന സിനിമ സമൂഹ മാധ്യമങ്ങളിലും ചർച്ചാവിഷയമാണ്. സിനിമയിലെ രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം ചർച്ചയാകുന്നതിനൊപ്പം ദുൽഖറിന്റെ മുൻസിനിമകളിലെ കൗതുകം നിറഞ്ഞ ഒരു സാമ്യതയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

1980-1990 കാലഘട്ടത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിൽ ദുൽഖറിന്റെ കഥാപാത്രം ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്.

1992ലെ കുപ്രസിദ്ധ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പുകാരനായ ഹർഷദ് മെഹ്തയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരുക്കിയ സിനിമയിൽ നടൻ അവതരിപ്പിച്ച ഭാസ്കർ കുമാർ അതിവിദഗ്‌ധമായി തട്ടിപ്പുകൾ നടത്തുന്നുണ്ട്.

ദുൽഖറിന്റെ ചില മുൻകഥാപാത്രങ്ങളും ഇത്തരം സ്കാമുകളില്‍ വിദഗ്ധരാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ2019 ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന സിനിമയിൽ ഡിക്യു അവതരിപ്പിച്ച സിദ്ധാർഥ് എന്ന കഥാപാത്രം പല തരം ഓൺലൈൻ സ്‌കാമുകൾ നടത്തുന്ന വ്യക്തിയാണ്. സിനിമയും ഹൈസ്റ്റിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

2021ൽ പുറത്തിറങ്ങിയ കുറുപ്പ് എന്ന സിനിമയിലും ദുൽഖർ കഥാപാത്രം തട്ടിപ്പുകൾക്ക് കുപ്രസിദ്ധമാണ്. കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ കഥ പറഞ്ഞതും.ഈ മൂന്ന് കഥാപാത്രങ്ങളും തട്ടിപ്പുകാരാണ് എന്നതിനാൽ സോഷ്യൽ മീഡിയ ഇവ മൂന്നും ചേർത്ത് ‘ഡിക്യു’സ് സ്കാംവേഴ്സ്’ എന്ന പേരും നൽകിയിട്ടുണ്ട്.

രസകരമായ മറ്റൊരു വസ്തുത എന്തെന്നാൽ കണ്ണും കണ്ണും കൊള്ളൈയടിത്താൽ തമിഴും കുറുപ്പ് മലയാളവും ലക്കി ഭാസ്കർ തെലുങ്കും സിനിമകളാണ്. മൂന്ന് ഭാഷകളിൽ സ്കാം നടത്തി ഹിറ്റടിച്ച നടനാണ് ദുൽഖർ എന്നും സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *