തിരുവനന്തപുരം: യുവജന കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) എക്സ് (ട്വിറ്റർ) അക്കൗണ്ട് പൂട്ടിച്ച് കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റേത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയും ഭയവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തൊഴിലില്ലായ്മയ്ക്കും ചൂഷണത്തിനുമെതിരെയുള്ള യുവജനങ്ങളുടെ ശക്തമായ രാഷ്ട്രീയ പ്രതികരണമാണ് ഈ കൂട്ടായ്മയെന്നും, അത് തങ്ങളെക്കാൾ വളരുമെന്ന ഭീതിയിലാണ് ബിജെപി സർക്കാർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, 10 ലക്ഷത്തോളം അംഗങ്ങളുള്ള സിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റും കേന്ദ്ര സർക്കാർ മരവിപ്പിച്ചു. നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സിജെപി നടത്തിയ ഡിജിറ്റൽ ക്യാമ്പെയ്‌ന് വലിയ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് ഈ നടപടി.
തന്റെ വ്യക്തിഗത, ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ വ്യക്തമാക്കി. അതേസമയം, വിലക്കുകൾക്കിടയിലും സിജെപിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് 2.22 കോടിയായി ഉയർന്നു.
