അയൽ രാജ്യമായ ബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ന്യൂനപക്ഷങ്ങൾ എല്ലാ അർഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികൾ രാജ്യം കൈകൊള്ളണം. വൈഷ്ണവ ഭിക്ഷു ചിൻമോയ് കൃഷ്ണ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കൽ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്.

അതേത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പലയിടങ്ങളിലും വലിയ സംഘർഷാവസ്ഥക്ക് കാരണമായി.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്ഥാനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാൻ പോന്ന ദുരവസ്ഥയാണ്. സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്.സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കാനും വർഗീയത പടരുന്നത് തടയാനും ഇടക്കാല സർക്കാർ തയ്യാറാകണം.

ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങൾക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണം. ഇക്കാര്യത്തിൽ ക്രിയാത്മകമായ പിന്തുണ നൽകാൻ അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ തയ്യാറാകണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *