മുംബൈ: കുർള വെസ്റ്റിലുണ്ടായ ബസ് അപകടത്തിൽ മരണസംഖ്യ ആറായി. 49 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി എസ്‌ജി ബാർവേ മാർഗിലാണ് ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇടയിലേക്ക് ഇടിച്ചുകറി അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അന്ധേരിയിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ടത്.ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുർള റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്നു ബസ്.
ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ചില്ലുകൾ തകർന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് കുർള നിയമസഭാംഗം മങ്കേഷ് കുടൽക്കർ പറഞ്ഞു. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
കുർള സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ബാർവേ റോഡ്.